തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ ആരംഭിക്കാനുദേശിക്കുന്ന "പ്രവാസി സീനിയർ കെയർ ഹോം' പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായി പിഎൽസി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
ഈ മാസം ഒമ്പതിന് നടന്ന കൂടിക്കാഴ്ചയിൽ കേരള സർക്കാർ സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ്. നായർ ഐഎസും അഡിഷണൽ ഡയറക്ടർ എസ്. ജലജയുമായും പിഎൽസി ഭാരവാഹികൾ ചർച്ച നടത്തി.
പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ യോഗത്തിൽ സമർപ്പിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത മാതൃകയാണ് പദ്ധതിക്കായി നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയ സീനിയർ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് പ്രവാസി സീനിയർ കെയർ ഹോം വിഭാവനം ചെയ്തിരിക്കുന്നത്.
കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, സാമൂഹിക സുരക്ഷിതത്വമില്ലായ്മ, വാർധക്യസഹജമായ രോഗങ്ങൾ എന്നിവ നേരിടുന്ന പ്രവാസികൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം. ഭക്ഷണം, ചികിത്സാസംവിധാനങ്ങൾ, വിനോദോപാധികൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം കെയർ ഹോമിൽ ഉണ്ടായിരിക്കും.
പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് ആദ്യ കെയർ ഹോം ആരംഭിക്കുന്നത്. ഭാവിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. പദ്ധതി സംബന്ധിച്ച തുടർചർച്ചകൾ നോർക്ക സെക്രട്ടറിയും നോർക്ക ഡയറക്ടറുമായും ബന്ധപ്പെട്ട് ഉടനെ നടത്തുമെന്ന് സാമൂഹ്യനീതി ഡയറക്ടർ അറിയിച്ചു.
പദ്ധതിയുടെ സാധ്യതകളും നടപ്പാക്കൽ മാർഗങ്ങളും വിശദമായി ചർച്ച ചെയ്യാൻ നോർക്ക ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, ഭരണസമിതി അംഗങ്ങളായ അനിൽ അളകാപുരി, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, പി.കെ. ഉമ്മൻ എന്നിവർ പങ്കെടുത്തു.